Monday, April 14, 2014

അങ്ങനെ ഒരു വിഷു ദിനത്തില്‍

ഇന്ന് വിഷു തലേന്ന്‌.
പത്തു വര്‍ഷം മുന്നേ ഉള്ള ഒരു വിഷു തലേന്ന് ഇപ്പോളും അല്‍പ്പം പേടിയോടെ ആണ് ഓര്‍ക്കുന്നത്.
പാലക്കാട്‌ ബി പി എല്‍ ഇല്‍ ജോലി ചെയ്തിരുന്ന കാലം.
താമസിക്കുന്നത് ഒരു ലോഡ്ജില്‍ ആണ്.നൂറ്റമ്പതിനു അടുത്ത്  ആളുകള്‍ ഉള്ളതില്‍  ഇരുപതോളം പേര്‍ മാത്രമേ വിഷുവിനു നാട്ടില്‍ പോകാതെ ബാക്കി ഉള്ളൂ.
ജോലി ഒക്കെ കഴിഞ്ഞു വൈകിട്ട് ഞാനും ലിന്റോയും ശങ്കറും കൂടി പാലക്കാട്‌ ടൌണിലേയ്ക്ക് ബസ് കയറി.കോട്ടയും കോട്ട മൈതാനവും ഒക്കെ ചുറ്റി നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്നും ഒരു ബിരിയാണിയും കഴിച്ചു അവസാനം കുറച്ചു പടക്കവും വാങ്ങി തിരിച്ചു ബസ് കയറി.

ബി പി എല്‍ കമ്പനി നില്‍ക്കുന്ന കൂട്ടുപാത ജംക്ഷനില്‍ നിന്നും പൊള്ളാച്ചി റോഡിലൂടെ പോയി ആദ്യത്തെ സ്റ്റോപ്പില്‍ ആണ് ഇറങ്ങേണ്ടത്.ബസ്സില്‍ അധികം തിരക്ക് ഒന്നുമില്ല.
വിഷു ആഘോഷതിന്റെ തീവ്രത പല തരത്തില്‍ ഉള്ള മദ്യത്തിന്റെ സ്മെല്‍ ന്റെ രൂപത്തില്‍ ബസ്സില്‍ അടിക്കുന്നുണ്ടായിരുന്നു.

ബസ് സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി.റോഡില്‍ നല്ല ഇരുട്ടാണ്‌.ഞങ്ങള്‍ക്ക് മുന്നേ രണ്ടു പേര്‍ നാല് കാലില്‍ ബസ്സില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടക്കുന്നുണ്ട്.

മുന്നോട്ടു നടക്കുന്നതിനു ഇടയില്‍ ശങ്കര്‍ നു എന്തോ ബോധോദയം ഉണ്ടായതു പോലെ പെട്ടെന്നൊരു വിളി ആയിരുന്നു." ഹാപ്പി വിഷു .പൂയ് " .സ്വതവേ നല്ല ഉച്ചത്തില്‍ സംസാരിക്കാറുള്ള അവന്‍ ഹാപ്പി വിഷു എന്ന് വിളിച്ചത് എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാം അല്ലോ .

ഞങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ രണ്ടു പേര്‍ വിളിച്ചു ചോദിച്ചു "ആരാടാ അത് "
മറുപടി ഒന്നും കൊടുത്തില്ല..അവന്‍ പിന്നെയും  ഹാപ്പി വിഷു എന്ന് അലറി .അലറലോട് അലറല്‍ !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.രണ്ടു പേര്‍ ഞങ്ങളുടെ അടുത്തേയ്ക്ക് ഓടി അടുക്കുന്നു.ഞങ്ങളും വിട്ടില്ല ഓടാന്‍ തുടങ്ങി.
പക്ഷെ അവര്‍ എത്തി ലിന്റോ യുടെ കോളറില്‍ പിടിച്ചു.
അപ്പോളും ശങ്കര്‍ അലറുന്നു..ഹാപ്പി വിഷു.!
ലിന്റോ യെ വിട്ടു ശങ്കറിനെ തന്നെ അതില്‍ ഒരാള്‍ പിടിച്ചു.
എന്താടാ നിനക്ക് പ്രശ്നം ? ഇവിടെ കിടന്നു അലറാന്‍ ഇത് നിന്റെ തറവാട് വക സ്ഥലം ആണോ .
വിഷു അല്ലെ ചേട്ടാ..ജസ്റ്റ്‌ എന്ജോയ്‌..അതായിരുന്നു ശങ്കറിന്റെ മറുപടി .

ഇത് മരുത് റോഡ്‌ .ഇവിടെ ഞങ്ങള്‍ പറയും അത് നീ കേട്ടാല്‍ മതി എന്ന് ചേട്ടന്‍.

രണ്ടു ചേട്ടന്മാരും നന്നായി മദ്യപിച്ചിട്ടുണ്ട്‌.സംഗതി പന്തികേട്‌ ആണ് എന്ന് മനസ്സില്‍ ആയ ഞങ്ങള്‍ പ്രശ്നം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതിനു ഇടെ അതിലൊരാള്‍ പെട്ടെന്ന് അരയില്‍ നിന്നും ഒരു കത്തി വലിച്ചൂരി ശങ്കറിന്റെ പിടലിയില്‍ വച്ചു.

അവനു എന്നിട്ടും കൂസല്‍ ഇല്ല.അവന്‍ അപ്പോളും തര്‍ക്കം ആണ്.വെള്ളം അടിച്ചു ബോധം ഇല്ലാതെ നില്‍ക്കുന്നവനോട് തര്‍ക്കിച്ചിട്ടു കാര്യം ഇല്ലല്ലോ.അത് കൊണ്ട് ഞാനും ലിന്റോയും കൂടി എങ്ങനെ എങ്കിലും പ്രശ്നം ഒഴിവാക്കുവാന്‍ വേണ്ടി പലതും പറഞ്ഞു നോക്കി..പക്ഷെ അയാള്‍ക്ക് അവനെ അപ്പോള്‍ കുത്തിയെ പറ്റൂ..ചില സിനിമകളില്‍ ഒക്കെ പറയുന്നത് പോലെ കത്തി എടുത്താല്‍ ചോര കാണാതെ തിരിച്ചു വയ്ക്കില്ല എന്ന് സ്റ്റൈല്‍.
കൂട്ടത്തില്‍ ഉള്ള രണ്ടാമത്തെ ചേട്ടന് കുറച്ചു ബോധം ഉണ്ട്.അയാള്‍ക്കും മനസ്സില്‍ ആയി സംഗതി കൈ വിട്ടു പോകും എന്ന്..വഴിയില്‍ എങ്ങും ആരും ഇല്ല.വിളിച്ചു കൂവിയാല്‍ പോലും ആരും വരാത്ത സ്ഥലം.

അതിനിടയില്‍ അയാള്‍ കത്തി കൊണ്ട് പിടലിയില്‍ പോയിന്റ്‌ ചെയ്യുക ആണ് .ഒരു തുള്ളി ചോരയും പൊടിഞ്ഞു.കൂട്ടത്തില്‍ ഉള്ള ആള്‍ ചോദിച്ചു നിങ്ങള്‍ എവിടെ ഉള്ളവര്‍ ആണ്.ബി പി എല്‍ ഇല്‍ ആണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞു.പെട്ടെന്ന് അയാള്‍ കത്തി കാരനോട് "എടാ മതി പോകാം."എന്ന്.പക്ഷെ അയാള്‍ വിടുന്ന ലക്ഷണം ഇല്ല.പിടിച്ചു വലിച്ചു മാറ്റി നിര്‍ത്തി എന്തോ പറഞ്ഞു.പിന്നെ കണ്ടത് സ്നേഹത്തിന്റെ പ്രതിരൂപം ആയ "കത്തി കാരനെ" ആണ്.
ബി പി എല്‍ ലിലെ സബ് കൊണ്ട്രാക്റ്റ് എടുത്തു ചെയ്യുന്ന കമ്പനിയിലെ സ്റാഫ് ആണ് അവര്‍ .കമ്പനിയില്‍ ഇടയ്ക്കൊക്കെ വരുന്നവരും ആണ് അത്രേ.പ്രശ്നം ഉണ്ടാക്കിയാല്‍ നാളെ അത് ജോലി യെ ഭാധിക്കും എന്ന് തോന്നി കാണും.!

അത് ഭാഗ്യം ആയി .ആ ഒരു കാര്യത്തിന്റെ പേരില്‍ അയാള്‍ കത്തി അരയില്‍ തിരിച്ചു വച്ചു.എന്നിട്ട് ഉപദേശവും ,കൊല്ലത്തും ആലപ്പുഴയിലും കിടക്കുന്നവനോന്നും ഇവിടെ കിടന്നു വിലസേണ്ട ,തല്‍കാലം നീ ഒക്കെ പൊയ്ക്കോ.
ഞങ്ങള്‍ താസിക്കുന്ന ലോഡ്ജ് ന്റെ അഡ്രെസ്സ് ഒക്കെ അയാള്‍ ചോദിച്ചു.

തിരിച്ചു റൂം വരെ ശങ്കറിനെ അടിച്ചോ ഇടിച്ചോ എന്തൊക്കെ ചീത്ത പറഞ്ഞോ എന്നൊന്നും ഓര്‍മയില്ല.ആകെ ഒരു പേടി ആയി മൂന്ന് പേര്‍ക്കും.

റൂമില്‍ വന്നു ഫുഡ്‌ ഒക്കെ കഴിച്ചു വാങ്ങി വന്ന പടക്കം മറ്റുള്ള കൂട്ടുകാരോട് ഒത്തു പൊട്ടിച്ചു വിഷു ആഘോഷം തുടങ്ങി .

സമയം പന്ത്രണ്ടു ആയി ..ഒരു സൈക്കിളില്‍  ഒരു ചെറിയ കവറും തൂക്കി ഇട്ടു കൊണ്ട് അതാ വരുന്നു ആ "കത്തി കാരന്‍" ചേട്ടന്‍.വന്ന പാടെ ഞങ്ങളുടെ അടുത്ത് വന്നു നിലത്തു ഇരുന്നു.
ചേട്ടന്റെ കെട്ടൊക്കെ വിട്ടു തുടങ്ങിയിരിക്കുന്നു.
ബോധം വന്നു തുടങ്ങി .അനിയന്മാരെ ക്ഷമിക്കെടാ .ബോധം ഇല്ലാതെ ചെയ്തതാ.വിഷു അല്ലെ രണ്ടെണ്ണം കൂടുതല്‍ അടിച്ചു പോയി.

അയാള്‍ കൊണ്ട് വന്ന കവര്‍ തുറന്നു പടക്കം എടുത്തു ഞങ്ങളുടെ കൂടെ പൊട്ടിക്കാന്‍ തുടങ്ങി.എല്ലാവരും ആയി നല്ല കമ്പനി ആയി .കുറെ നേരം ഇരുന്നു സംസാരിച്ചു .രാത്രി വൈകി തിരിച്ചു പോയി .

പിറ്റേ ദിവസ്സം കമ്പനിയില്‍ പോയി വരുന്ന വഴി ഒരു "ഇക്ക" യുടെ കടയില്‍ നിന്നും പച്ച കറി വാങ്ങുന്ന ഞങ്ങളുടെ അടുക്കലേയ്ക് അയാള്‍ വന്നു ,ചിരിച്ചു കൊണ്ട് വളരെ സൌഹാര്‍ദ്ദത്തോടെ സംസാരിച്ചു.അയാള്‍ തിരിച്ചു പോയി കഴിഞ്ഞപ്പോള്‍ കട ഉടമ ആയ ഇക്ക ഞങ്ങളോട് ചോദിക്കുന്നു.
അവനുമായി നിങ്ങള്ക്ക് എന്താ കണക്ഷന്‍.

ശങ്കര്‍ വളരെ കൂളായി പറഞ്ഞു നമ്മുടെ ദോസ്ത് ആണ് ഇക്കാ .

ആഹാ ഈ മൂന്നു നാല് കുത്ത് കേസിലെയും ഒരു വധശ്രമ കേസിലെയും പ്രതിയാണോ നിങ്ങളുടെ ഉറ്റ ദോസ്ത്‌ !

സത്യം പറഞ്ഞാല്‍ ശരിക്കും ഞെട്ടിയത് അപ്പോള്‍ ആയിരുന്നു.തലേന്ന് രാത്രി ശങ്കര്‍ കുത്ത് കൊണ്ട് വീഴുന്നതും ഞാനും ലിന്റോയും അവനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടുന്നതും ഒരു നിമിഷം ഒരു സിനിമയില്‍ എന്ന പോലെ മനസ്സിലൂടെ മിന്നി മാഞ്ഞു ! 

No comments:

Post a Comment